Saturday, 29 June 2013

ചെകുത്താന്റെ ചങ്ങാതികൾ

ഇന്ന് ഹർത്താൽ. അതിനു തക്കതായ വലിയ സംഭവങ്ങളൊന്നും ഉണ്ടായതായി അറിയില്ല. അറിഞ്ഞിട്ടും കാര്യവുമില്ല! ബന്ദും, ഹർത്താലും, പണിമുടക്കും, കടയടപ്പും മറ്റെന്തുതരം പ്രതിഷേധമാണെങ്കിലും പൊതുജനങ്ങൾക്കെല്ലാം ഒരുപോലെയാണ്. ഒരു കാര്യത്തിനും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ കഴിയില്ല. അതുകൊണ്ട് ഇന്ന് വീട്ടിൽ ചടഞ്ഞിരിക്കാം എന്നു വിചാരിച്ചപ്പോഴാണ് ഫോൺ ശബ്ദിച്ചത്. സുഹൃത്താണ്. അത്യാവശ്യമായി അങ്ങോട്ടൊന്ന് ചെല്ലാൻ. രണ്ടു കിലോമീറ്റർ ദൂരമല്ലെ, നടന്നുപോകാം എന്നു കരുതി പുറപ്പെട്ടു. കാലാവസ്ഥാപ്രവചനം പോലെ ആകാശം മേഘാവൃതമായിരുന്നു. മഴപെയ്യാനും പെയ്യാതിരിക്കാനുമല്ല സാധ്യത; ചാറിത്തുടങ്ങി. കർച്ചീഫ് തലയിലിട്ടുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു. മഴ ഉറയ്ക്കുന്ന ലക്ഷണമാണ്. വഴിയിൽ കണ്ട കൊച്ചു വീട്ടിലേക്ക് അല്പസമയം കയറി നിൽക്കാം എന്നു കരുതി, കയറി. ചെറിയ വരാന്തയിൽ ആരുമില്ല. അലങ്കോലപ്പെട്ടുകിടക്കുന്ന വീടും പരിസരവും. എന്തോ ഒരു മൂകത അവിടെ തളംകെട്ടിക്കിടക്കുന്നതായി തോന്നി.

ഉള്ളിൽ നിന്നും ദയനീയമായ സംസാരവും വിങ്ങിപ്പൊട്ടുന്ന ശബ്ദവും. ഞാൻ ശ്രദ്ധിച്ചു. ഒരു സ്ത്രീ കരഞ്ഞുകൊണ്ട് മറ്റാരോടോ സംസാരിക്കുന്നു.

“ഇന്ന് ഇവിടെ ഒന്നും വച്ചില്ലേ?”

“ഇല്ല ചേച്ചീ, വെക്കാൻ ഒരു സാധനവും ഇവിടെയില്ല. ഇന്നലെ രാത്രിയും അയാൾ കുടിച്ചു വന്ന് എന്നേയും കുട്ടികളേയും തല്ലി. പാത്രങ്ങളും ആഹാരവുമൊക്കെ നശിപ്പിച്ചു. രാവിലെ എങ്ങോട്ടോ ഇറങ്ങിപ്പോയി. രാത്രിയിൽ ഒരു ഗ്ലാസ്സ് എടുത്തെറിഞ്ഞത് മൂന്നു മാസമായ കുഞ്ഞിന്റെ കയ്യിൽ കൊണ്ടു. ഇന്ന് ഗവ: ആശുപത്രിയിൽ കൊണ്ടുപോയി. പൊട്ടലുണ്ട്. പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.”

ആശ്വാസവാക്കുകൾ പറയാൻ കഴിയാതെ മറ്റേ സ്ത്രീയും കരയുന്നു.

“എല്ലാ ദിവസവും ഇങ്ങനെയാണോ?”

“ചില ദിവസങ്ങളിൽ, കുടിച്ചിട്ടാണ് വരുന്നതെങ്കിലും കുഞ്ഞുങ്ങളോടും എന്നോടും സ്നേഹം കാണിക്കും. പെട്ടന്ന് അതുമാറി ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറും. മദ്യത്തിന് അടിമയായിപ്പോയി. കുറേ കൂട്ടുകാരുണ്ട്. ‘ചെകുത്താന്മാർ!‘ അവരാണ് ഇയാളെ ഇങ്ങനെയാക്കിയത്. കല്ല്യാണം കഴിച്ചസമയം നല്ല സ്വഭാവവും അധ്വാനിയുമായിരുന്നു. കാശ് കയ്യിൽ വന്നുതുടങ്ങിയതോടെ കുടി തുടങ്ങി. കൂട്ടുകാരും ആയി. എല്ലാം കീഴ്മേൽ മറിഞ്ഞു. ഈ കള്ളുകച്ചവടം നടത്തുന്നവരുടേയും വീട് ഇതുപോലെ നശിച്ചുപോകണേ എന്നു ഞാൻ ശപിക്കാത്ത ദിവസങ്ങളില്ല.”

മഴ തോർന്നു. ഞാൻ ഇറങ്ങി നടന്നു. കുറേ ദൂരം ചെന്നപ്പോൾ കുറച്ചുപേർ കൂട്ടം കൂടി നിൽക്കുന്നു. ഹർത്താലനുകൂലികളായിരിക്കും. അടുത്തുചെന്നപ്പോൾ അവിടൊരു കള്ളുഷാപ്പുണ്ടെന്നു മനസ്സിലായി. ബന്ദാണെങ്കിലും പിന്നിൽക്കൂടി കച്ചവടം നടക്കുന്നുണ്ട്. കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരത്തിലുള്ള ബോർഡ് എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി. മനസ്സു മന്ത്രിച്ചു, ‘ഇതാണ് ചെകുത്താന്റെ വസതി. ഇവിടെ വരുന്നവരാണ് ചെകുത്താന്റെ ചങ്ങാതികൾ’. ആ ചെകുത്താന്റെ വസതിയുടെ ഉടമസ്ഥനോട് അടങ്ങാത്ത വെറുപ്പും കോപവും എന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.

സുഹൃത്തിന്റെ വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് കലുഷിതമായിരുന്നു. അവനോട് നടന്നതെല്ലാം പറഞ്ഞ് എന്റെ മനസ്സിലെ ഭാരം ഇറക്കിവച്ചു. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആരാടാ ഇതൊന്നും കഴിക്കാത്തവർ. പിന്നെ ഒരു കാര്യം, ചെകുത്താന്റെ ചങ്ങാതികളാകരുതെന്നുമാത്രം.”

അവന്റെ വേദാന്തം കേട്ട് എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല!!

സോമദാസ്

Sunday, 23 June 2013

കുന്നിക്കുരു - 7


പതിന്നാലു ലോകമുണ്ടെന്നു
ചൊല്ലുന്നൂ പുരാണങ്ങളിൽ
ഏതുലോകത്തു ചെന്നാലും
ഭൂമിയോളമതാകിടാ.


സപ്തഖണ്ഡങ്ങളായിട്ട്
ഭൂമിയെ വിഭജിച്ചിടും
ഏഷ്യയെന്നൊരു ഖണ്ഡത്തെ
അഭിമാനത്തോടെ കാണണം.


ഏഷ്യയാകുന്ന ഖണ്ഡത്തിൽ
ഭാരതം എന്ന നാടിനെ
തന്റെ സ്വന്തം നാടെന്ന്
എപ്പോഴും കരുതീടണം.


കേരളം തന്റെ വീടെന്ന്
കേരളീയരതോർക്കണം
തന്റെ വീടുപോൽ നോക്കേണം
വീട്ടിലെ തന്റെ ഭാഷയും.


കൊല്ലം നല്ലതാണെന്നു
പറയിക്കാൻ ശ്രമിക്കണം
തന്റെ ജില്ലയതാണെന്നു
എപ്പോഴും കരുതീടണം.


കൊട്ടാരങ്ങളുടെ കരയായ
കൊട്ടാരക്കര പണ്ടുനാൾ
രാജസ്ഥാനമാണെന്നു
ചൊല്ലുന്നൂ ചരിതങ്ങളിൽ.


സർവ്വ ജീവിത ദുഃഖവും
വെട്ടീടുന്നൊരു ദേശമായ്
വെട്ടിക്കവലയതാണല്ലോ
തന്റെ ജീവിതമാണത്.


തന്റെ വീടിനെ നന്നാക്കാൻ
എല്ലാപേരും ശ്രമിക്കണം
തന്റെ ലക്ഷ്യമതാകേണം
മാതൃകാ ഗേഹമാക്കണം.


എന്നിൽ നിന്നു തുടങ്ങുന്നു
ലോകത്തിന്റെ വികാസവും
ലോകം നന്നാകണമെങ്കിൽ
മുന്നേ ഞാൻ തന്നെയാകണം.


എല്ലാരുമിതുപോൽ ചിന്തിച്ചാൽ
ലോകവാസം സുഖപ്രദം
മറിച്ചാണെങ്കിലോ എന്നും
നരകവാസമതായിടും.

സോമദാസ്

Saturday, 22 June 2013

ചുറ്റുമതിൽ

രണ്ടേക്കർ എഴുപത്തിയാറു സെന്റുള്ള വലിയ പുരയിടം. മണൽ പ്രദേശമായതിനാൽ സമതല ഭൂമി. പറമ്പിൽ തെങ്ങുകൾ മാത്രം. എന്നാൽ കായ്ഫലം നന്നേ കുറവ്. വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കാൻ പറമ്പിന്റെ മധ്യഭാഗത്ത് വലിയ വാട്ടർടാങ്ക്. ഹോസ് ഉപയോഗിച്ച് കൃത്യമായി എല്ലാ തെങ്ങുകളും നനയ്ക്കാൻ ജോലിക്കാർ. പുരയിടത്തിന്റെ ഒരു വശത്തായി വലിയ ഗേറ്റ്. ഗേറ്റു കഴിഞ്ഞ് കുറേ നടന്നാലേ വീടു കാണാൻ കഴിയൂ. വലിയ തറവാട്. ധാരാളം അംഗങ്ങളും ജോലിക്കാരും. കൃഷിക്ക് യോജിച്ച സംവിധാനങ്ങളുമായി എപ്പോഴും പ്രവർത്തനക്ഷമമായ അന്തരീക്ഷം. പതിനെട്ടു വർഷങ്ങൾക്കു മുൻപ് ഞാൻ അവസാനമായിക്കാണുമ്പോൾ മുല്ലക്കൽ തറവാട്ടിലെ സ്ഥിതി ഇതായിരുന്നു.

ഇന്ന്, വർഷങ്ങൾക്കു ശേഷം ഞാൻ യാദൃശ്ചികമായിട്ടാണ് ഇവിടെ വന്നത്. ദിക്ഭ്രംശം സംഭവിച്ചതു പോലെ ഒന്നും മനസ്സിലാകുന്നില്ല. മുൻപ് എന്റെ മനസ്സിലുണ്ടായിരുന്ന ആ സ്ഥലത്തിന്റെ സ്ഥിതി തന്നെ മാറിപ്പോയി. ആ വലിയ പറമ്പിൽ അഞ്ചോ ആറോ വലിയ വീടുകൾ. എല്ലാം മതിലുകൾ കെട്ടി വേർതിരിച്ചിരിക്കുന്നു. ഓരോ വീടും ഓരോ തുരുത്തുകൾ പോലെ തോന്നും കണ്ടാൽ. ഞാൻ വലിയ ഗേറ്റുകടന്ന് ഉള്ളിലേക്കു നടന്നു. ആ പഴയ തറവാട് അതുപോലെ തന്നെയുണ്ട്. അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ആരെയും കാണാത്തതുകൊണ്ട് ഞാൻ തിരിച്ചു നടന്നു. വെളിയിൽ കണ്ട ആളോട് അന്വേഷിച്ചതിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി. കാലം ചെന്നപ്പോൾ ആ വലിയ കുടുംബത്തിൽ നിന്നും പലരും പോയി തനിക്കു ലഭിച്ച സ്ഥലത്തു വീടു വച്ചു. അവർ ചുറ്റുമതിലും കെട്ടി പ്രത്യേകമായി താമസിക്കുന്നു. ഇപ്പോൾ അവരവരുടെ വീടും മതിലിനകത്തുള്ള സ്ഥലവും മാത്രം നോക്കിനടക്കുന്നു.

ഞാൻ തിരിച്ചു യാത്രയായി. ശിഥിലമായ തറവാട്. എന്നാൽ തറവാടിന് കുഴപ്പമൊന്നുമില്ല. ഓരോരുത്തരും തന്റെ ചുറ്റുമതിലിനുള്ളിൽ സങ്കുചിതരായി ജീവിക്കുന്നു. വേദാന്തപരമായി നോക്കിയാൽ ഇത് സാധാരണമാണ്. നമ്മുടെ ഈ ശരീരത്തിലുള്ള ജീവൻ, തറവാടായ കാരണ ശരീരത്തിൽ നിന്നും ജീവാത്മാവ് എന്ന വ്യാജേന ചുറ്റുമതിൽ എന്ന ശരീരത്തിനുള്ളിൽ വസിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ പുതിയ വീട്ടിലും മതിലിനുമുള്ളിലാണ് വസിക്കുന്നതെങ്കിലും പഴയ തറവാട്ടു ഭൂമിയിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇതുതന്നെയാണ് ലോകത്തുള്ള സമസ്തജീവജാലങ്ങളുടേയും അവസ്ഥ.

നമ്മുടെ ജീവാത്മാവിന്റെ ബന്ധനമായ ഈ ചുറ്റുമതിൽ അഴിയണം. കാലം ചെല്ലുമ്പോൾ താനേ അത് ജീർണ്ണിച്ച് നശിക്കും. എന്നാൽ വീണ്ടും ഈ ജീവാത്മാവ് അതിനുചുറ്റും മറ്റൊരു ചുറ്റുമതിലാകുന്ന ശരീരം കെട്ടി അതിനുള്ളിൽ വസിക്കും. ഈ മതിൽ ഞാൻ എന്ന അഹംബുദ്ധി ഉദ്ധതഭാവത്തിൽ ദൃഢമായിരിക്കുകയും ചെയ്യും. ജീവന്റെ ഈ ബന്ധനാവസ്ഥ ഭേദിച്ച് തറവാടായ കാരണ ശരീരത്തിൽ എത്തിച്ചേരുകയാണ് എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം. എന്നാൽ ഈ മതിലിനുള്ളിൽ താൻ സുരക്ഷിതനാണെന്നും ഇതിനുള്ളിലിരുന്ന് ലൗകിക സുഖങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കാം എന്നും മിക്കവരും വ്യാമോഹിക്കുന്നു. ആത്മാവിന്റെ ഈ ബന്ധനാവസ്ഥ അറിഞ്ഞ ബുദ്ധിശാലികൾ‌, ഇത് പുനരാവർത്തിക്കാതിരിക്കാനുള്ള മാർഗ്ഗം കണ്ടെത്തുന്നു. അതത്രെ ഉൽകൃഷ്ടമായ ആത്മദർശനം.

സോമദാസ്

Saturday, 15 June 2013

പെണ്ണുകാണൽ‌



അണ്ണാ, എന്റെ കല്ല്യാണമാണ്..” സുധീഷിന്റെ കല്ല്യാണക്കുറി വാങ്ങി മറിച്ചു നോക്കുന്നതിനിടയിൽ ഞാൻ ഓർത്തു. എന്റെ കൂടെ കളിച്ചു വളർന്ന ഇത്തിരിപ്പോന്ന ചെറുക്കനാണ്. ഇപ്പോ അവന്റെയും കല്ല്യാണമായി. എന്നിട്ടും..

അഞ്ചു കൊല്ലമായി ഗൾഫിൽ ജോലിയായിട്ട്. ഇതിനിടയിൽ രണ്ടുതവണ വെക്കേഷനും വന്നു. പെങ്ങളുടെ വിവാഹമായിരുന്നു തടസ്സം. അതും ഇപ്പോൾ നടന്നിരിക്കുന്നു. ഇനിയുമെന്തേ ഈ അച്ഛനും അമ്മയ്ക്കും എന്റെ കാര്യത്തിൽ ഒരു ശുഷ്കാന്തി ഇല്ലാത്തത്! ഞാനെന്താ തവിടു കൊടുത്ത് വാങ്ങിയവനോ മറ്റോ ആണോ? എന്തായാലും ചോദിക്കുക തന്നെ..

പണ്ടാരോ പറഞ്ഞതായി ഒരു ഓർമ്മ! കല്ല്യാണപ്രായമായെന്ന് കാണിക്കാൻ കട്ടിളയിൽ തലയിടിച്ച് കാണിച്ചാൽ മതിയെന്ന്. ഈ കട്ടിളയ്ക്കൊക്കെ എന്താ ഉയരം. ഇനി അതിൽ തലയിടിക്കാൻ ഒരു സ്റ്റൂളിട്ട് കയറണമല്ലോ ഈശ്വരാ. ഇങ്ങനെ ഓരോന്നോർത്ത് നിൽക്കുമ്പോഴാണ് പുറകിൽ നിന്നൊരു കിളിനാദം.

“നിനക്ക് നിവേദിതയെ അറിയാമോ?” 

അമ്മയാണ്. ഏത് നിവേദിത? നാലാം ക്ലാസ്സിൽ എന്റെ കൂടെപഠിച്ച പാവാടക്കാരിയായിരിക്കുമോ? അതോ പ്രീഡിഗ്രിക്ക് കൂടെപഠിച്ച കറുത്തു മെലിഞ്ഞ കാക്കത്തമ്പുരാട്ടിയോ? എന്തിനാ വെറുതെ ആലോചിച്ച് ക്ഷീണിക്കുന്നത്.

“ഏതാ അമ്മേ ഈ നിവേദിത?”

“നിനക്കു വേണ്ടി ഞാൻ കണ്ടു വച്ചിരിക്കുന്നതാ. നമുക്കൊന്ന് പോയി കണ്ടാലോ?“

അമ്മയൊരു മാലാഖയാണെന്ന് എല്ലാവരും പറയും. ഇപ്പോഴാണ് എനിക്കത് മനസ്സിലായത്. ചോദിച്ചു വന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട് ആ കുട്ടിയെ. ഒരു തവണ ഒരു കല്ല്യാണവീട്ടിൽ വച്ച്. ഞാൻ ഒരു വെളമ്പുകാരനും അവൾ വെട്ടിവിഴുങ്ങാൻ വന്നവളും. സാമ്പാറായിരുന്നു എനിക്ക് കിട്ടിയ ഇനം. എന്താണെന്നറിയില്ല, കറക്ട് ആ സുന്ദരിക്കുട്ടിയുടെ മുന്നിലെത്തിയപ്പോൾ എന്റെ സാമ്പാറ് തീർന്നു. എങ്കിലും അടിയിലുണ്ടായിരുന്ന ശകലം ഞാൻ അവൾക്ക് ഒഴിച്ചുകൊടുത്തു. 

“ഇത്രയേയുള്ളോ?“ അവൾ എന്നോട്.

“തന്നതാദ്യം തിന്നെടീ ആർത്തിപണ്ടാരമേ“ എന്ന് പറയേണ്ടിടത്ത് “ഒരു സെക്കന്റ്, ഞാൻ ദാ ഇപ്പൊ കൊണ്ടുത്തരാം “ എന്നു പറഞ്ഞ് സാമ്പാറെടുക്കാനോടി. പക്ഷേ തിരിച്ചെത്തിയപ്പോഴേക്കും ഏതോ ഒരുത്തൻ അവൾക്ക് സാമ്പാറ് വിളമ്പി. ചതിയൻ, കശ്മലൻ അവനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്നാലോചിച്ച് തിരിഞ്ഞപ്പോൾ മുന്നിൽ അച്ഛൻ സാമ്പാറ് പാത്രവുമായി. അതൊക്കെ രണ്ടു മൂന്ന് വർഷം മുൻപത്തെ കഥ. ഇപ്പോൾ അവൾ എങ്ങനെയായിരിക്കും?

ഉറക്കം വരുന്നില്ല. നാളെയാണ് പെണ്ണുകാണാൻ ചെല്ലാമെന്ന് പറഞ്ഞ ദിനം. ആദ്യത്തെ പെണ്ണുകാണൽ ആയതിനാൽ ഒരു പരിഭ്രമം, ഒരു പരവേശം. സ്മിതയെ ഒന്നു വിളിക്കാം. എന്തെങ്കിലും നല്ല ഉപദേശം തന്നാലോ. കൂട്ടുകാരിയാണ്. എന്തിനും കൂടെ നിൽക്കുന്നവൾ.

“എടീ സ്മിതേ, നാളെ എന്റെ പെണ്ണുകാണൽ ആണ്.” അവൾ ഫോൺ എടുത്തുടനെ ഞാൻ പറഞ്ഞു.

“ബെസ്റ്റ് വിഷസ്” അവൾ ഫോൺ കട്ട് ചെയ്തു.

എന്താ ഇവളിങ്ങനെ എന്ന് ആലോചിച്ചുകൊണ്ട് ഞാൻ സജിയുടെ നമ്പർ കുത്തി. അവനും കൂട്ടുകാരനാണ്. എന്തിനും കൂടെ നിൽക്കുന്നവൻ.

കുറേ നേരം കഴിഞ്ഞാണ് അവൻ ഫോൺ എടുത്തത്.

“എടാ നാളെയാണ് ഞാൻ പറഞ്ഞ പെണ്ണുകാണൽ!“

“നാളെയാണോ പാലുകാച്ചൽ. ഞാൻ രാവിലെ എത്താം!“ 

എന്തേലും പറയുന്നതിനു മുൻപ് അവനും ഫോൺ കട്ട് ചെയ്തു. ഇവരൊക്കെ എന്താ ഇങ്ങനെ. നേരത്തേ ഉറക്കം തുടങ്ങിയോ. രാത്രി 2 മണിയല്ലേ ആയുള്ളൂ. ഓരോന്ന് ആലോചിച്ചു കിടന്ന് ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി ഇറങ്ങിയപ്പോൾ ഒരു ശബ്ദം.

“ഇന്നെങ്കിലും കുറച്ച് വൃത്തിയും മെനയുമായി പോടാ..”

അമ്മാവനാണ്. പെണ്ണുകാണാൻ കൂടെ വരുന്നുണ്ട്. ഇനി എന്തെല്ലാം പുലിവാലാണോ ഇങ്ങേര് ഒപ്പിക്കുക. വൃത്തി എന്തായാലും ഉണ്ട്. പക്ഷേ ഈ “മെന” എവിടുന്നുണ്ടാക്കും. അകത്തു കയറി ഒരു ലെയർ പൌഡർ വാരി പൂശി. അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. സജിയാണ്.

“എടാ എവിടുത്തെ പാലുകാച്ചലിന്റെ കാര്യമാ നീ ഇന്നലെ പറഞ്ഞത്?”

“പാലുകാച്ചൽ അല്ലെടാ, നിന്റെ പതിനാറടിയന്തിരം. എടാ, ഇന്നാണ് ഞാൻ പെണ്ണുകാണാൻ പോകുന്നത്.“

“ഓ, ഞാൻ ഇന്നലെ നല്ല ഉറക്കത്തിലായിരുന്നു. ഞാൻ വരണോടാ..” സജി വരാൻ തയ്യാർ.

“വേണ്ട.. ഇപ്പോഴേ വണ്ടി നിറയെ ആളായി. വന്നിട്ട് വിശേഷങ്ങൾ പറയാം.”  ഞാൻ ഫോൺ വച്ചു.

അമ്മാവൻ വയലന്റ് ആയിത്തുടങ്ങി. രാഹുകാലത്തിനു മുൻപ് ഇറങ്ങണം പോലും. ആള് സ്വല്പം പഴഞ്ചനാണ്. കൃഷിയും കാര്യങ്ങളുമായി കഴിയുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. അതായിരുന്നു എന്റേയും പേടി.

എന്തായാലും ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങൾ എന്നു വച്ചാൽ ഞാനും അച്ഛനും അമ്മയും പെങ്ങളും പിന്നെ ആ അമ്മാവനും. യാത്രയ്ക്കിടയിൽ പെണ്ണിനോട് ചോദിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ രൂപമുണ്ടാക്കാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ ആ കണക്കുകൂട്ടലെല്ലാം തെറ്റി. അമ്മാവൻ ഒരു സെക്കന്റ് വായടച്ചിട്ടു വേണ്ടേ. എന്നെ ചിന്തിക്കാൻ പോയിട്ട് ബ്രേക്ക് ചവിട്ടാൻ പോലുമുള്ള സാവകാശം അങ്ങേര് തന്നില്ല.

അവസാനം വീടെത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടുകാർ മുന്നിൽ തന്നെയുണ്ട്. കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ് ചായ കൊണ്ടുവരുന്ന ചടങ്ങായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. അവിടെയും എന്റെ കണക്കുകൂട്ടൽ തെറ്റി. പെണ്ണിന്റെ അച്ഛനും എന്റെ അച്ഛനും അമ്മാവനും തമ്മിൽ കത്തിയടി തുടങ്ങി. മറ്റൊരിടത്ത് അമ്മമാർ തമ്മിൽ അങ്കം വെട്ടുന്നു. എന്നെ എല്ലാവരും മറന്ന മട്ടാണ്. പെണ്ണിനെ ഒട്ട് കാണാനുമില്ല. ഞാൻ ഓരോ മിച്ചറു കഷണം പറക്കി തിന്നുകൊണ്ടിരുന്നു.

പത്തിരുപതു മിനിട്ട് കഴിഞ്ഞപ്പോൾ സംസാരമൊന്ന് കുറഞ്ഞു. അമ്മാവൻ ശ്വാസമെടുക്കാൻ നിർത്തിയതാണ്. ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കി. “തിരിച്ച് എന്റെ ഒപ്പം തന്നെ വരുമല്ലോ, അല്ലേ?“ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥമെന്ന് അമ്മാവന് പിടികിട്ടി. 

“ഇനി പെണ്ണിനെ വിളിക്കാം. ചെറുക്കൻ കണ്ടില്ലേ ക്ഷമ കെട്ട പോത്തിനേപ്പോലെ നോക്കുന്നത്!“ അമ്മാവന്റെ കമന്റ്.

“അമ്മാവന് നല്ലതുമാത്രം വരുത്തണേ” എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പക്കാവട എടുത്ത് ചവച്ചരച്ചു തിന്നു.

പെണ്ണ് ചായയുമായി എത്തി. നല്ല ഒരു സുന്ദരിക്കുട്ടി. ചായ എല്ലാവർക്കും നൽകിയിട്ട് അവൾ മാറി നിന്നു.

“ഇങ്ങോട്ട് മാറി നിക്കടീ. നിന്നെയൊന്ന് നല്ലപോലെ കാണട്ടെ.” അമ്മാവൻ വിടാൻ ഭാവമില്ല.

ഞാൻ മേശപ്പുറത്തിരുന്ന ഞാലിപ്പൂവൻ പഴം എടുത്ത് അമ്മാവന്റെ നേരെ നീട്ടി. അമ്മാവൻ അത് നിഷ്ക്കരുണം നിരസിച്ചു. 

“വീട്ടിൽ തൂമ്പാ ഇല്ലെന്ന് നിനക്കല്ലാരുന്നോ പരാതി. ദാ, അവടെ മുമ്പിലത്തെ പല്ലെടുത്ത് നമുക്ക് തൂമ്പാ ഉണ്ടാക്കാം.” അമ്മയോടാണ് അമ്മാവന്റെ കമന്റ്.

പെണ്ണിന്റെ ചിരി പെട്ടന്ന് മാഞ്ഞു. അവൾ എന്നെ നോക്കി. ഞാനും ഇങ്ങേരും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ ഞാൻ ഒരു പക്കാവട എടുത്ത് ശബ്ദമുണ്ടാക്കാതെ ചവച്ചു.

“ഏതുവരെ പഠിച്ചിട്ടുണ്ട്?” അമ്മാവൻ ചോദ്യം ചെയ്യൽ തുടങ്ങി.

“എം.എ, ബി.എഡ്.”

“വടക്കേലെ ശാന്ത ബി.എ മൂന്നാം വർഷമാ.” അമ്മാവന്റെ കമന്റു കേട്ട് അതിനു ഞാനെന്തുവേണം എന്നർത്ഥത്തിൽ പെണ്ണ് വീണ്ടും എന്റെ മുഖത്തേക്ക്. ഞാൻ വീണ്ടും ഒരു പക്കാവട കൂടി എടുത്തു.

“ഇപ്പൊ വെറുതെ നിക്കുവാണോ?” അമ്മാവൻ തുടർന്നു.

അതെയെന്ന് അർത്ഥത്തിൽ പെണ്ണ് തലയാട്ടി.

“എന്നാൽ പിന്നെ കമ്പ്യൂട്ടറ് പഠിക്കാൻ പൊയ്ക്കൂടാരുന്നോ? ഇപ്പൊ അതിനാ എല്ലാരും പൊകുന്നെ. പണ്ടൊക്കെ പഠിത്തം കഴിഞ്ഞാൽ അപ്പൊ തയ്യലും പഠിക്കാൻ വിടും. തയ്യലു പഠിച്ചാ‍ൽ ഒന്നുമില്ലെങ്കിലും ഒരു ബ്ലൗസെങ്കിലും സ്വന്തമായി തയ്ക്കാം. ഈ കുന്ത്രാണ്ടം പഠിച്ചതുകൊണ്ട് എന്താ പ്രയോജനമെന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.” അമ്മാവന്റെ ഉപദേശം.

തുടർന്ന് അമ്മാവൻ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു.

“നിനക്കീ കൊരങ്ങനെ ഇഷ്ടപ്പെട്ടോടീ..” പെണ്ണൊന്ന് ഞെട്ടിയോ? ആ.. ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന രീതിയിൽ ഞാൻ ഇരുന്നു.

“പെണ്ണിനെ കാണാൻ ഒരു മൊഞ്ചൊക്കെയുണ്ട്. പക്ഷേ അഴകുള്ള ചക്കയിൽ ചുളയില്ലെന്നാ..” അമ്മാവൻ അടുത്ത വെടി പൊട്ടിച്ചു. ഞാൻ അമ്മാവനെ മനസാ നമിച്ചു. എന്നിട്ട് അമ്മയെ കണ്ണുരുട്ടിക്കാണിച്ചു.
അമ്മ പതുക്കെ ഇടപെട്ടു.

“അവർക്ക് വല്ലതും മിണ്ടാനും പറയാനും കാണും.”

അങ്ങനെ അമ്മാവന്റെ ശല്യം തൽക്കാലത്തേക്കൊഴിഞ്ഞ സന്തോഷത്തോടെ ഞാനും പെണ്ണും മറ്റൊരു മുറിയിലേക്ക്.

കുറച്ചു നേരം ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. അമ്മാവൻ പൊട്ടിച്ച കതിനാവെടികളുടെ ദേഷ്യം എന്നോടവൾ തീർത്തില്ല. അവൾ പറഞ്ഞു “എനിക്കിഷ്ടമായി ചേട്ടനെ. തിരിച്ചോ?”

അതുവരെ, എന്നെ അവൾക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു എന്റെ മനസ്സിൽ. അവൾ പച്ചക്കൊടി വീശിയതോടെ എനിക്ക് ഒടുക്കത്തെ ജാട. ഞാൻ പറഞ്ഞു.

“തന്നെ ഇഷ്ടമായോ എന്ന് ഞാൻ ആലോചിച്ചിട്ട് പറയാം.”

അങ്ങനെ എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണലിന് ശുഭസമാപ്തിയായി.

Saturday, 8 June 2013

കുന്നിക്കുരു - 6


ദു:ഖം നൽകരുതെന്നപോൽ
ദു:ഖം വാങ്ങരുതെന്നതും
നല്ല ലക്ഷണമാകുന്നു
നല്ല ചിന്തയതെന്നതും.


ഈശ്വരൻ കല്ലല്ലെന്ന്
അറിയുന്നു സത്യദർശികൾ.
കല്ലും ദൈവമാണെന്നു
കാണുന്നു തത്വദർശികൾ.
ഏഴു സമുദ്രങ്ങൾ തന്നെ
ജ്ഞാനമാണെന്നിരിക്കിലോ
ഏകതുള്ളി ജലം പോലും
എന്റെ കയ്യിലതില്ലെടോ.
ബന്ധുവല്ലാത്തവരേ നാം
അന്യരായി ഗണിച്ചിടും
ജ്ഞാനിക്ക് അന്യരേയില്ല
എല്ലാം ബന്ധുക്കൾ മാത്രമാം.
ഒരേ സ്ഥാനത്തു നിൽക്കാതെ
ഒരേ വേഗത്തിൽ നിത്യവും
സഞ്ചരിക്കുന്നതൊന്നാണ്
സമയം എന്ന അത്ഭുതം
ആകാശമാർഗ്ഗേ പക്ഷികൾ
പറന്നീടുന്നതെങ്കിലും
ആകാശം തന്റേതാണെന്ന്
പക്ഷികൾ കരുതില്ലിഹ.
വിദ്യാഭ്യാസമെന്നൊന്നും
അവിദ്യാഭ്യാസമെന്നതും
രണ്ടും അഭ്യാസമാകുന്നു
കായികാഭ്യാസമെന്നപോൽ.
നല്ലവാക്കുര ചെയ്യുന്നോർ
അതുതന്നെ ചൊല്ലിയാൽ മതി
ദുർവാക്കു മാത്രം തോന്നുന്നോർ
മൗനിയാകുന്നതുത്തമം.
മുല്ലപ്പൂവിൻ സുഗന്ധത്തിൽ
കണ്ണിന്നെന്തു പ്രയോജനം
താമരപ്പൂവിൻ ചന്തത്തെ
നാസിക ഗ്രഹിച്ചീടുമോ?
ഇന്ദ്രിയങ്ങളതോരോന്നും
ഓരോ കാരണത്തിൻ മാത്രമായ്
ചേരും വിധേന ചേർത്താലേ
പ്രയോജനമതായ് വരൂ.
മേഘനാദം ഭയത്തേയും
സംഗീതം സന്തോഷത്തെയും
ഭാവങ്ങൾ നമ്മിലാക്കുന്നു
രണ്ടും ശബ്ദങ്ങൾ തന്നെയും.
 

സോമദാസ്

Friday, 7 June 2013

സൗഭാഗ്യ സുന്ദരി



ഹിന്ദുമതത്തിലെ ഒരു സുപ്രധാന വീക്ഷണമാണ് മായാവാദം. “ബ്രഹ്മം സത്യം, ജഗത് മിഥ്യ” എന്ന ഉപനിഷത് വാക്യപ്രകാരം ഈ പ്രപഞ്ചം വെറുമൊരു തോന്നൽ മാത്രമാണ്. ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്. പക്ഷേ എങ്ങനെയാണ് ഇത്ര സ്പഷ്ടമായ ഈ ദൃശ്യപ്രപഞ്ചം വെറും മിഥ്യയാണെന്ന് പറയാൻ കഴിയുക. അതിനിഗൂഢങ്ങളായ പ്രപഞ്ച സത്യങ്ങളെ രസകരമായ കഥകളിലൂടെ പറഞ്ഞു തരുന്ന പുരാ‍ണങ്ങളിൽ ഇത് വിശദീകരിക്കുന്ന ഒരു കഥയുണ്ട്. നാരദൻ സ്ത്രീയായ കഥ. ഒന്നു കേട്ടാലോ?

ഒരിക്കൽ നമ്മുടെ ഏഷണിക്കാരനായ നാരദന് തമ്മിലടിപ്പിക്കാനായി ആരെയും കിട്ടിയില്ല. അങ്ങനെ മുഷിഞ്ഞിരിക്കുമ്പോൾ നാരദൻ ഒരോന്ന് ചിന്തിച്ചു കൂട്ടാൻ തുടങ്ങി. ചിന്തിച്ചാൽ ഒരു അന്തവുമില്ല; ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നല്ലേ! നാരദന്റെ ചിന്തകളും കാടുകയറിത്തുടങ്ങി. ഭൂമിയിൽ മനുഷ്യർ സുഖവും ദുഃഖവും അനുഭവിച്ച് ജീവിക്കുന്നു. ജനനവും മരണവും നടക്കുന്നു. ഇതിന്റെ പിന്നിലെ രഹസ്യമെന്താണ്? എന്താണ് ഈ ജീവിതത്തിന്റെ രഹസ്യം? നാരദന്റെ ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു തുടങ്ങി. എന്തായാലും ആരെയെങ്കിലും കണ്ട് ചോദിക്കുക തന്നെ. ഇതിന് ഉത്തരം പറയാൻ ഏറ്റവും നല്ലയാൾ സാക്ഷാൽ മഹാവിഷ്ണു തന്നെ. നാരദൻ നേരെ വിഷ്ണുവിനടുത്തേക്ക് പോയി.

നാരദൻ തന്റെ സംശയം മഹാവിഷ്ണുവിന്റെ മുന്നിൽ അവതരിപ്പിച്ചു.

“ഭഗവാനേ, എന്റെ ഈ എളിയ സംശയം ദൂരീകരിച്ചാലും. എന്താണ് ഈ ജീവിതത്തിന്റെ രഹസ്യം?“

മഹാവിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതെല്ലാം വെറും തോന്നലാണെന്ന് അറിഞ്ഞാലും നാരദാ! ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്, മറ്റെല്ലാം വെറും മായ മാത്രമാണ്”

“ഭഗവാനേ, താങ്കളുടെ വാക്കുകളെ അടിയൻ അവിശ്വസിക്കുന്നില്ല. എങ്കിലും ഇത്രയും സ്പഷ്ടമായി അനുഭവവേദ്യമായ ഈ പ്രപഞ്ചം വെറും മായയാണെന്ന് പറയുന്നതെങ്ങനെയാണ്?“ നാരദൻ വിടാൻ കൂട്ടാക്കുന്നില്ല.

“നാരദരേ, താങ്കളുടെ സംശയം ദൂരീകരിക്കാൻ നമുക്ക് ഭൂമിയിലേക്ക് ഒരു യാത്ര പോകാം.”

അങ്ങനെ മഹാവിഷ്ണുവിനോടൊപ്പം ഗരുഡന്റെ പുറത്തേറി നാരദൻ ഭൂമിയിലേക്ക് വന്നു. ഒരു പാട് കുന്നുകളും മലകളും താണ്ടി അവർ അവസാനം അതിസുന്ദരമായ ഒരു താഴ്വരയിലെത്തി. ‘കന്യാകുബ്ജം‘ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. താഴ്വര മുഴുവൻ വിവിധങ്ങളായ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അവിടുത്തെ വായുവിൽ മുഴുവൻ സുഗന്ധം പരന്നൊഴുകുന്നു. അവർ നിൽക്കുന്നതിനു സമീപത്തായി ഒരു തടാകം. നല്ല തെളിഞ്ഞ ജലത്തിലൂടെ തടാകത്തിന്റെ അടി വരെ വ്യക്തമായി കാണാം. രണ്ടുപേരും തടാകത്തിനരികിലൂടെ കുറച്ചു ദൂരം നടന്നു. ആ സ്ഥലത്തിന്റെ ഭംഗി എത്ര ആസ്വദിച്ചിട്ടും മതിവരുന്നില്ല. തടാകത്തിനരികിലെ ഒരു മരത്തിനു ചുവട്ടിൽ അവർ കുറച്ചു നേരം വിശ്രമിച്ചു. അല്പം കഴിഞ്ഞപ്പോൾ മഹാവിഷ്ണു പറഞ്ഞു.

“മഹർഷേ, അങ്ങയുടെ മുഖം യാത്ര ചെയ്തു ക്ഷീണിച്ചിരിക്കുന്നു. ആ തടാകത്തിലൊന്ന് സ്നാനം ചെയ്തു വരൂ. ക്ഷീണമെല്ലാം പമ്പ കടക്കും.”

ആ തടാകത്തിനടുത്തെത്തിയപ്പോഴേ അതിലൊന്ന് മുങ്ങിക്കുളിക്കാൻ നാരദന് തോന്നിയതാണ്. അത്രയ്ക്ക് തെളിഞ്ഞ ജലം. എന്തായാലും ഒന്ന് കുളിച്ചിട്ടാവാം യാത്ര എന്ന് നാരദൻ തിരുമാനിച്ചു. തന്റെ വീണയായ മഹതിയും മാൻ തോലും മഹാവിഷ്ണുവിന്റെ സമീപത്ത് വച്ചിട്ട് നാരദൻ കുളത്തിലേക്കിറങ്ങി. അത്ഭുതമെന്ന് പറയട്ടെ, കുളത്തിലെ വെള്ളത്തിലേക്ക് മുങ്ങിയ നാരദൻ അതിസുന്ദരിയായ ഒരു കന്യകയായി മാറി. തന്റെ പൂർവ്വകാലം മുഴുവൻ മറന്നുപോയ നാരദൻ ചുറ്റുപാടും അത്ഭുതത്തോടെ നോക്കി. അടുത്തെങ്ങും ആരുമില്ല. കുളത്തിൽ നിന്നും കരയ്ക്കു കയറിയ നാരദൻ തടാകതീരത്തൂടെ നടക്കാൻ തുടങ്ങി. അപ്പോഴാണ് കാലധ്വജൻ എന്ന രാജാവ് നായാട്ട് കഴിഞ്ഞ് ക്ഷീണിച്ച് തന്റെ കുതിരപ്പുറത്ത് തടാകത്തിന്റെ തീരത്തേക്ക് വന്നത്. സുന്ദരിയായ സ്ത്രീയെ കണ്ട മാത്രയിൽ തന്നെ രാജാവ് അനുരാഗചിത്തനായി.

“സൗഭാഗ്യ സുന്ദരീ, എന്താണ് നിന്റെ പേര്?” രാജാവ് ചോദിച്ചു.

സ്ത്രീയായി മാറിയ നാരദന് തന്റെ പേരോ ഒന്നും തന്നെയും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. രാജാവ് അവൾക്ക് ‘സൗഭാഗ്യ സുന്ദരി‘ എന്ന പേരു നൽകി. അവളെയും കൂട്ടി രാജാവ് കൊട്ടാരത്തിലേക്ക് പോയി. സൗഭാഗ്യ സുന്ദരിയായി മാറിയ നാരദൻ അങ്ങനെ കാലധ്വജന്റെ പട്ടമഹിഷിയായി. സമ്പൽ സമൃദ്ധമായ രാജ്യവും നല്ലവനായ രാജാവും പരിവാരങ്ങളുമൊക്കെയായി സൗഭാഗ്യ സുന്ദരി സർവ്വസുഖങ്ങളും അനുഭവിച്ച് കഴിഞ്ഞുപോന്നു. കാലം കടന്നുപോയി. സൗഭാഗ്യ സുന്ദരിക്കും കാലധ്വജനും ഇരുപത് മക്കളുണ്ടായി. അവരുടെ മക്കളും വിവാഹിതരായി. ഒരുപാട് പേരക്കുട്ടികളും ഉണ്ടായി. അങ്ങനെ വലിയ ഒരു കുടുംബത്തിന്റെ  എല്ലാമായി അവർ രണ്ടുപേരും സസുഖം വാണു.

അങ്ങനെയിരിക്കെ ഒരു നാൾ ദൂരെ നാട്ടിൽ നിന്നും ഒരു രാജാവ് പടയുമായി രാജ്യം പിടിച്ചെടുക്കാനെത്തി. സൗഭാഗ്യസുന്ദരിയുടെ മക്കളും കൊച്ചുമക്കളുമെല്ലാം യുദ്ധത്തിനു പോയി. എന്നാൽ ശക്തരായ ശത്രു സൈന്യത്തിനെതിരെ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവരെയെല്ലാം വക വരുത്തിയ ശത്രുസൈന്യം രാജ്യം പിടിച്ചടക്കി. കാലധ്വജനും സൗഭാഗ്യസുന്ദരിയും പാലായനം ചെയ്തു. സ്വന്തം രാജ്യത്തു നിന്നും ഒളിച്ചോടിയ അവർ എത്തിയത് ഭീകരമായ യുദ്ധം കഴിഞ്ഞ പടക്കളത്തിലായിരുന്നു. തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും വെട്ടിമാറ്റപ്പെട്ട തലകളും അവയവങ്ങളും കൂടിക്കിടക്കുന്നതു കണ്ട് ആ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ നെഞ്ചുപൊട്ടുമാറ് നിലവിളിച്ചു. മക്കളുടെ ശവശരീരങ്ങൾ കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന ആ വൃദ്ധമാതാപിതാക്കളുടെ അടുത്തേക്ക് അപ്പോൾ ഒരു ബ്രാഹ്മണൻ എത്തി. അദ്ദേഹം അവരെ സമാശ്വസിപ്പിച്ചു. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് മനസ്സിലാക്കണമെന്ന് അവരെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അല്പം ആശ്വാസം തോന്നിയ ആ വൃദ്ധദമ്പതികൾ തങ്ങളുടെ ദേഹത്തു പറ്റിയ ചോര കഴുകി കളയുവാനായി അടുത്തുള്ള തടാകത്തിന്റെ തീരത്തേക്ക് പോയി. തടാകത്തിൽ മുങ്ങിയ സൗഭാഗ്യ സുന്ദരി പൊങ്ങിയത് നാരദനായിട്ടാണ്. അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ നാരദൻ കണ്ടത് തന്റെ വീണയും ഉടയാടകളുമായി മരത്തിനു ചുവട്ടിൽ വിശ്രമിക്കുന്ന മഹാവിഷ്ണുവിനേയും തന്റെ സമീപത്ത് തടാകത്തിൽ നിൽക്കുന്ന കാലധ്വജനേയുമാണ്. സംഭവങ്ങളെല്ലാം വ്യക്തമായ നാരദൻ കാലധ്വജനെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. മഹാവിഷ്ണുവിന്റേയും നാരദന്റേയും അനുഗ്രഹത്തോടെ കാലധ്വജൻ വനത്തിൽ തപസ്സനുഷ്ടിക്കാൻ പോയി. താൻ അനുഭവിച്ച സുഖവും ദുഃഖവും വെറും തോന്നലായിരുന്നെന്ന് മനസ്സിലാക്കിയ നാരദൻ താന്റെ സംശയത്തിന്റെ ഉത്തരം കണ്ടെത്തി.
“ബ്രഹ്മം സത്യം, ജഗത് മിഥ്യ.”