Saturday 15 June 2013

പെണ്ണുകാണൽ‌



അണ്ണാ, എന്റെ കല്ല്യാണമാണ്..” സുധീഷിന്റെ കല്ല്യാണക്കുറി വാങ്ങി മറിച്ചു നോക്കുന്നതിനിടയിൽ ഞാൻ ഓർത്തു. എന്റെ കൂടെ കളിച്ചു വളർന്ന ഇത്തിരിപ്പോന്ന ചെറുക്കനാണ്. ഇപ്പോ അവന്റെയും കല്ല്യാണമായി. എന്നിട്ടും..

അഞ്ചു കൊല്ലമായി ഗൾഫിൽ ജോലിയായിട്ട്. ഇതിനിടയിൽ രണ്ടുതവണ വെക്കേഷനും വന്നു. പെങ്ങളുടെ വിവാഹമായിരുന്നു തടസ്സം. അതും ഇപ്പോൾ നടന്നിരിക്കുന്നു. ഇനിയുമെന്തേ ഈ അച്ഛനും അമ്മയ്ക്കും എന്റെ കാര്യത്തിൽ ഒരു ശുഷ്കാന്തി ഇല്ലാത്തത്! ഞാനെന്താ തവിടു കൊടുത്ത് വാങ്ങിയവനോ മറ്റോ ആണോ? എന്തായാലും ചോദിക്കുക തന്നെ..

പണ്ടാരോ പറഞ്ഞതായി ഒരു ഓർമ്മ! കല്ല്യാണപ്രായമായെന്ന് കാണിക്കാൻ കട്ടിളയിൽ തലയിടിച്ച് കാണിച്ചാൽ മതിയെന്ന്. ഈ കട്ടിളയ്ക്കൊക്കെ എന്താ ഉയരം. ഇനി അതിൽ തലയിടിക്കാൻ ഒരു സ്റ്റൂളിട്ട് കയറണമല്ലോ ഈശ്വരാ. ഇങ്ങനെ ഓരോന്നോർത്ത് നിൽക്കുമ്പോഴാണ് പുറകിൽ നിന്നൊരു കിളിനാദം.

“നിനക്ക് നിവേദിതയെ അറിയാമോ?” 

അമ്മയാണ്. ഏത് നിവേദിത? നാലാം ക്ലാസ്സിൽ എന്റെ കൂടെപഠിച്ച പാവാടക്കാരിയായിരിക്കുമോ? അതോ പ്രീഡിഗ്രിക്ക് കൂടെപഠിച്ച കറുത്തു മെലിഞ്ഞ കാക്കത്തമ്പുരാട്ടിയോ? എന്തിനാ വെറുതെ ആലോചിച്ച് ക്ഷീണിക്കുന്നത്.

“ഏതാ അമ്മേ ഈ നിവേദിത?”

“നിനക്കു വേണ്ടി ഞാൻ കണ്ടു വച്ചിരിക്കുന്നതാ. നമുക്കൊന്ന് പോയി കണ്ടാലോ?“

അമ്മയൊരു മാലാഖയാണെന്ന് എല്ലാവരും പറയും. ഇപ്പോഴാണ് എനിക്കത് മനസ്സിലായത്. ചോദിച്ചു വന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട് ആ കുട്ടിയെ. ഒരു തവണ ഒരു കല്ല്യാണവീട്ടിൽ വച്ച്. ഞാൻ ഒരു വെളമ്പുകാരനും അവൾ വെട്ടിവിഴുങ്ങാൻ വന്നവളും. സാമ്പാറായിരുന്നു എനിക്ക് കിട്ടിയ ഇനം. എന്താണെന്നറിയില്ല, കറക്ട് ആ സുന്ദരിക്കുട്ടിയുടെ മുന്നിലെത്തിയപ്പോൾ എന്റെ സാമ്പാറ് തീർന്നു. എങ്കിലും അടിയിലുണ്ടായിരുന്ന ശകലം ഞാൻ അവൾക്ക് ഒഴിച്ചുകൊടുത്തു. 

“ഇത്രയേയുള്ളോ?“ അവൾ എന്നോട്.

“തന്നതാദ്യം തിന്നെടീ ആർത്തിപണ്ടാരമേ“ എന്ന് പറയേണ്ടിടത്ത് “ഒരു സെക്കന്റ്, ഞാൻ ദാ ഇപ്പൊ കൊണ്ടുത്തരാം “ എന്നു പറഞ്ഞ് സാമ്പാറെടുക്കാനോടി. പക്ഷേ തിരിച്ചെത്തിയപ്പോഴേക്കും ഏതോ ഒരുത്തൻ അവൾക്ക് സാമ്പാറ് വിളമ്പി. ചതിയൻ, കശ്മലൻ അവനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്നാലോചിച്ച് തിരിഞ്ഞപ്പോൾ മുന്നിൽ അച്ഛൻ സാമ്പാറ് പാത്രവുമായി. അതൊക്കെ രണ്ടു മൂന്ന് വർഷം മുൻപത്തെ കഥ. ഇപ്പോൾ അവൾ എങ്ങനെയായിരിക്കും?

ഉറക്കം വരുന്നില്ല. നാളെയാണ് പെണ്ണുകാണാൻ ചെല്ലാമെന്ന് പറഞ്ഞ ദിനം. ആദ്യത്തെ പെണ്ണുകാണൽ ആയതിനാൽ ഒരു പരിഭ്രമം, ഒരു പരവേശം. സ്മിതയെ ഒന്നു വിളിക്കാം. എന്തെങ്കിലും നല്ല ഉപദേശം തന്നാലോ. കൂട്ടുകാരിയാണ്. എന്തിനും കൂടെ നിൽക്കുന്നവൾ.

“എടീ സ്മിതേ, നാളെ എന്റെ പെണ്ണുകാണൽ ആണ്.” അവൾ ഫോൺ എടുത്തുടനെ ഞാൻ പറഞ്ഞു.

“ബെസ്റ്റ് വിഷസ്” അവൾ ഫോൺ കട്ട് ചെയ്തു.

എന്താ ഇവളിങ്ങനെ എന്ന് ആലോചിച്ചുകൊണ്ട് ഞാൻ സജിയുടെ നമ്പർ കുത്തി. അവനും കൂട്ടുകാരനാണ്. എന്തിനും കൂടെ നിൽക്കുന്നവൻ.

കുറേ നേരം കഴിഞ്ഞാണ് അവൻ ഫോൺ എടുത്തത്.

“എടാ നാളെയാണ് ഞാൻ പറഞ്ഞ പെണ്ണുകാണൽ!“

“നാളെയാണോ പാലുകാച്ചൽ. ഞാൻ രാവിലെ എത്താം!“ 

എന്തേലും പറയുന്നതിനു മുൻപ് അവനും ഫോൺ കട്ട് ചെയ്തു. ഇവരൊക്കെ എന്താ ഇങ്ങനെ. നേരത്തേ ഉറക്കം തുടങ്ങിയോ. രാത്രി 2 മണിയല്ലേ ആയുള്ളൂ. ഓരോന്ന് ആലോചിച്ചു കിടന്ന് ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി ഇറങ്ങിയപ്പോൾ ഒരു ശബ്ദം.

“ഇന്നെങ്കിലും കുറച്ച് വൃത്തിയും മെനയുമായി പോടാ..”

അമ്മാവനാണ്. പെണ്ണുകാണാൻ കൂടെ വരുന്നുണ്ട്. ഇനി എന്തെല്ലാം പുലിവാലാണോ ഇങ്ങേര് ഒപ്പിക്കുക. വൃത്തി എന്തായാലും ഉണ്ട്. പക്ഷേ ഈ “മെന” എവിടുന്നുണ്ടാക്കും. അകത്തു കയറി ഒരു ലെയർ പൌഡർ വാരി പൂശി. അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. സജിയാണ്.

“എടാ എവിടുത്തെ പാലുകാച്ചലിന്റെ കാര്യമാ നീ ഇന്നലെ പറഞ്ഞത്?”

“പാലുകാച്ചൽ അല്ലെടാ, നിന്റെ പതിനാറടിയന്തിരം. എടാ, ഇന്നാണ് ഞാൻ പെണ്ണുകാണാൻ പോകുന്നത്.“

“ഓ, ഞാൻ ഇന്നലെ നല്ല ഉറക്കത്തിലായിരുന്നു. ഞാൻ വരണോടാ..” സജി വരാൻ തയ്യാർ.

“വേണ്ട.. ഇപ്പോഴേ വണ്ടി നിറയെ ആളായി. വന്നിട്ട് വിശേഷങ്ങൾ പറയാം.”  ഞാൻ ഫോൺ വച്ചു.

അമ്മാവൻ വയലന്റ് ആയിത്തുടങ്ങി. രാഹുകാലത്തിനു മുൻപ് ഇറങ്ങണം പോലും. ആള് സ്വല്പം പഴഞ്ചനാണ്. കൃഷിയും കാര്യങ്ങളുമായി കഴിയുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. അതായിരുന്നു എന്റേയും പേടി.

എന്തായാലും ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങൾ എന്നു വച്ചാൽ ഞാനും അച്ഛനും അമ്മയും പെങ്ങളും പിന്നെ ആ അമ്മാവനും. യാത്രയ്ക്കിടയിൽ പെണ്ണിനോട് ചോദിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ രൂപമുണ്ടാക്കാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ ആ കണക്കുകൂട്ടലെല്ലാം തെറ്റി. അമ്മാവൻ ഒരു സെക്കന്റ് വായടച്ചിട്ടു വേണ്ടേ. എന്നെ ചിന്തിക്കാൻ പോയിട്ട് ബ്രേക്ക് ചവിട്ടാൻ പോലുമുള്ള സാവകാശം അങ്ങേര് തന്നില്ല.

അവസാനം വീടെത്തി. ഞങ്ങളെ സ്വീകരിക്കാൻ വീട്ടുകാർ മുന്നിൽ തന്നെയുണ്ട്. കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ് ചായ കൊണ്ടുവരുന്ന ചടങ്ങായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. അവിടെയും എന്റെ കണക്കുകൂട്ടൽ തെറ്റി. പെണ്ണിന്റെ അച്ഛനും എന്റെ അച്ഛനും അമ്മാവനും തമ്മിൽ കത്തിയടി തുടങ്ങി. മറ്റൊരിടത്ത് അമ്മമാർ തമ്മിൽ അങ്കം വെട്ടുന്നു. എന്നെ എല്ലാവരും മറന്ന മട്ടാണ്. പെണ്ണിനെ ഒട്ട് കാണാനുമില്ല. ഞാൻ ഓരോ മിച്ചറു കഷണം പറക്കി തിന്നുകൊണ്ടിരുന്നു.

പത്തിരുപതു മിനിട്ട് കഴിഞ്ഞപ്പോൾ സംസാരമൊന്ന് കുറഞ്ഞു. അമ്മാവൻ ശ്വാസമെടുക്കാൻ നിർത്തിയതാണ്. ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കി. “തിരിച്ച് എന്റെ ഒപ്പം തന്നെ വരുമല്ലോ, അല്ലേ?“ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥമെന്ന് അമ്മാവന് പിടികിട്ടി. 

“ഇനി പെണ്ണിനെ വിളിക്കാം. ചെറുക്കൻ കണ്ടില്ലേ ക്ഷമ കെട്ട പോത്തിനേപ്പോലെ നോക്കുന്നത്!“ അമ്മാവന്റെ കമന്റ്.

“അമ്മാവന് നല്ലതുമാത്രം വരുത്തണേ” എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പക്കാവട എടുത്ത് ചവച്ചരച്ചു തിന്നു.

പെണ്ണ് ചായയുമായി എത്തി. നല്ല ഒരു സുന്ദരിക്കുട്ടി. ചായ എല്ലാവർക്കും നൽകിയിട്ട് അവൾ മാറി നിന്നു.

“ഇങ്ങോട്ട് മാറി നിക്കടീ. നിന്നെയൊന്ന് നല്ലപോലെ കാണട്ടെ.” അമ്മാവൻ വിടാൻ ഭാവമില്ല.

ഞാൻ മേശപ്പുറത്തിരുന്ന ഞാലിപ്പൂവൻ പഴം എടുത്ത് അമ്മാവന്റെ നേരെ നീട്ടി. അമ്മാവൻ അത് നിഷ്ക്കരുണം നിരസിച്ചു. 

“വീട്ടിൽ തൂമ്പാ ഇല്ലെന്ന് നിനക്കല്ലാരുന്നോ പരാതി. ദാ, അവടെ മുമ്പിലത്തെ പല്ലെടുത്ത് നമുക്ക് തൂമ്പാ ഉണ്ടാക്കാം.” അമ്മയോടാണ് അമ്മാവന്റെ കമന്റ്.

പെണ്ണിന്റെ ചിരി പെട്ടന്ന് മാഞ്ഞു. അവൾ എന്നെ നോക്കി. ഞാനും ഇങ്ങേരും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ ഞാൻ ഒരു പക്കാവട എടുത്ത് ശബ്ദമുണ്ടാക്കാതെ ചവച്ചു.

“ഏതുവരെ പഠിച്ചിട്ടുണ്ട്?” അമ്മാവൻ ചോദ്യം ചെയ്യൽ തുടങ്ങി.

“എം.എ, ബി.എഡ്.”

“വടക്കേലെ ശാന്ത ബി.എ മൂന്നാം വർഷമാ.” അമ്മാവന്റെ കമന്റു കേട്ട് അതിനു ഞാനെന്തുവേണം എന്നർത്ഥത്തിൽ പെണ്ണ് വീണ്ടും എന്റെ മുഖത്തേക്ക്. ഞാൻ വീണ്ടും ഒരു പക്കാവട കൂടി എടുത്തു.

“ഇപ്പൊ വെറുതെ നിക്കുവാണോ?” അമ്മാവൻ തുടർന്നു.

അതെയെന്ന് അർത്ഥത്തിൽ പെണ്ണ് തലയാട്ടി.

“എന്നാൽ പിന്നെ കമ്പ്യൂട്ടറ് പഠിക്കാൻ പൊയ്ക്കൂടാരുന്നോ? ഇപ്പൊ അതിനാ എല്ലാരും പൊകുന്നെ. പണ്ടൊക്കെ പഠിത്തം കഴിഞ്ഞാൽ അപ്പൊ തയ്യലും പഠിക്കാൻ വിടും. തയ്യലു പഠിച്ചാ‍ൽ ഒന്നുമില്ലെങ്കിലും ഒരു ബ്ലൗസെങ്കിലും സ്വന്തമായി തയ്ക്കാം. ഈ കുന്ത്രാണ്ടം പഠിച്ചതുകൊണ്ട് എന്താ പ്രയോജനമെന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.” അമ്മാവന്റെ ഉപദേശം.

തുടർന്ന് അമ്മാവൻ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു.

“നിനക്കീ കൊരങ്ങനെ ഇഷ്ടപ്പെട്ടോടീ..” പെണ്ണൊന്ന് ഞെട്ടിയോ? ആ.. ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന രീതിയിൽ ഞാൻ ഇരുന്നു.

“പെണ്ണിനെ കാണാൻ ഒരു മൊഞ്ചൊക്കെയുണ്ട്. പക്ഷേ അഴകുള്ള ചക്കയിൽ ചുളയില്ലെന്നാ..” അമ്മാവൻ അടുത്ത വെടി പൊട്ടിച്ചു. ഞാൻ അമ്മാവനെ മനസാ നമിച്ചു. എന്നിട്ട് അമ്മയെ കണ്ണുരുട്ടിക്കാണിച്ചു.
അമ്മ പതുക്കെ ഇടപെട്ടു.

“അവർക്ക് വല്ലതും മിണ്ടാനും പറയാനും കാണും.”

അങ്ങനെ അമ്മാവന്റെ ശല്യം തൽക്കാലത്തേക്കൊഴിഞ്ഞ സന്തോഷത്തോടെ ഞാനും പെണ്ണും മറ്റൊരു മുറിയിലേക്ക്.

കുറച്ചു നേരം ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. അമ്മാവൻ പൊട്ടിച്ച കതിനാവെടികളുടെ ദേഷ്യം എന്നോടവൾ തീർത്തില്ല. അവൾ പറഞ്ഞു “എനിക്കിഷ്ടമായി ചേട്ടനെ. തിരിച്ചോ?”

അതുവരെ, എന്നെ അവൾക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു എന്റെ മനസ്സിൽ. അവൾ പച്ചക്കൊടി വീശിയതോടെ എനിക്ക് ഒടുക്കത്തെ ജാട. ഞാൻ പറഞ്ഞു.

“തന്നെ ഇഷ്ടമായോ എന്ന് ഞാൻ ആലോചിച്ചിട്ട് പറയാം.”

അങ്ങനെ എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണലിന് ശുഭസമാപ്തിയായി.

No comments:

Post a Comment