Friday 7 June 2013

സൗഭാഗ്യ സുന്ദരി



ഹിന്ദുമതത്തിലെ ഒരു സുപ്രധാന വീക്ഷണമാണ് മായാവാദം. “ബ്രഹ്മം സത്യം, ജഗത് മിഥ്യ” എന്ന ഉപനിഷത് വാക്യപ്രകാരം ഈ പ്രപഞ്ചം വെറുമൊരു തോന്നൽ മാത്രമാണ്. ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്. പക്ഷേ എങ്ങനെയാണ് ഇത്ര സ്പഷ്ടമായ ഈ ദൃശ്യപ്രപഞ്ചം വെറും മിഥ്യയാണെന്ന് പറയാൻ കഴിയുക. അതിനിഗൂഢങ്ങളായ പ്രപഞ്ച സത്യങ്ങളെ രസകരമായ കഥകളിലൂടെ പറഞ്ഞു തരുന്ന പുരാ‍ണങ്ങളിൽ ഇത് വിശദീകരിക്കുന്ന ഒരു കഥയുണ്ട്. നാരദൻ സ്ത്രീയായ കഥ. ഒന്നു കേട്ടാലോ?

ഒരിക്കൽ നമ്മുടെ ഏഷണിക്കാരനായ നാരദന് തമ്മിലടിപ്പിക്കാനായി ആരെയും കിട്ടിയില്ല. അങ്ങനെ മുഷിഞ്ഞിരിക്കുമ്പോൾ നാരദൻ ഒരോന്ന് ചിന്തിച്ചു കൂട്ടാൻ തുടങ്ങി. ചിന്തിച്ചാൽ ഒരു അന്തവുമില്ല; ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നല്ലേ! നാരദന്റെ ചിന്തകളും കാടുകയറിത്തുടങ്ങി. ഭൂമിയിൽ മനുഷ്യർ സുഖവും ദുഃഖവും അനുഭവിച്ച് ജീവിക്കുന്നു. ജനനവും മരണവും നടക്കുന്നു. ഇതിന്റെ പിന്നിലെ രഹസ്യമെന്താണ്? എന്താണ് ഈ ജീവിതത്തിന്റെ രഹസ്യം? നാരദന്റെ ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു തുടങ്ങി. എന്തായാലും ആരെയെങ്കിലും കണ്ട് ചോദിക്കുക തന്നെ. ഇതിന് ഉത്തരം പറയാൻ ഏറ്റവും നല്ലയാൾ സാക്ഷാൽ മഹാവിഷ്ണു തന്നെ. നാരദൻ നേരെ വിഷ്ണുവിനടുത്തേക്ക് പോയി.

നാരദൻ തന്റെ സംശയം മഹാവിഷ്ണുവിന്റെ മുന്നിൽ അവതരിപ്പിച്ചു.

“ഭഗവാനേ, എന്റെ ഈ എളിയ സംശയം ദൂരീകരിച്ചാലും. എന്താണ് ഈ ജീവിതത്തിന്റെ രഹസ്യം?“

മഹാവിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതെല്ലാം വെറും തോന്നലാണെന്ന് അറിഞ്ഞാലും നാരദാ! ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്, മറ്റെല്ലാം വെറും മായ മാത്രമാണ്”

“ഭഗവാനേ, താങ്കളുടെ വാക്കുകളെ അടിയൻ അവിശ്വസിക്കുന്നില്ല. എങ്കിലും ഇത്രയും സ്പഷ്ടമായി അനുഭവവേദ്യമായ ഈ പ്രപഞ്ചം വെറും മായയാണെന്ന് പറയുന്നതെങ്ങനെയാണ്?“ നാരദൻ വിടാൻ കൂട്ടാക്കുന്നില്ല.

“നാരദരേ, താങ്കളുടെ സംശയം ദൂരീകരിക്കാൻ നമുക്ക് ഭൂമിയിലേക്ക് ഒരു യാത്ര പോകാം.”

അങ്ങനെ മഹാവിഷ്ണുവിനോടൊപ്പം ഗരുഡന്റെ പുറത്തേറി നാരദൻ ഭൂമിയിലേക്ക് വന്നു. ഒരു പാട് കുന്നുകളും മലകളും താണ്ടി അവർ അവസാനം അതിസുന്ദരമായ ഒരു താഴ്വരയിലെത്തി. ‘കന്യാകുബ്ജം‘ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. താഴ്വര മുഴുവൻ വിവിധങ്ങളായ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അവിടുത്തെ വായുവിൽ മുഴുവൻ സുഗന്ധം പരന്നൊഴുകുന്നു. അവർ നിൽക്കുന്നതിനു സമീപത്തായി ഒരു തടാകം. നല്ല തെളിഞ്ഞ ജലത്തിലൂടെ തടാകത്തിന്റെ അടി വരെ വ്യക്തമായി കാണാം. രണ്ടുപേരും തടാകത്തിനരികിലൂടെ കുറച്ചു ദൂരം നടന്നു. ആ സ്ഥലത്തിന്റെ ഭംഗി എത്ര ആസ്വദിച്ചിട്ടും മതിവരുന്നില്ല. തടാകത്തിനരികിലെ ഒരു മരത്തിനു ചുവട്ടിൽ അവർ കുറച്ചു നേരം വിശ്രമിച്ചു. അല്പം കഴിഞ്ഞപ്പോൾ മഹാവിഷ്ണു പറഞ്ഞു.

“മഹർഷേ, അങ്ങയുടെ മുഖം യാത്ര ചെയ്തു ക്ഷീണിച്ചിരിക്കുന്നു. ആ തടാകത്തിലൊന്ന് സ്നാനം ചെയ്തു വരൂ. ക്ഷീണമെല്ലാം പമ്പ കടക്കും.”

ആ തടാകത്തിനടുത്തെത്തിയപ്പോഴേ അതിലൊന്ന് മുങ്ങിക്കുളിക്കാൻ നാരദന് തോന്നിയതാണ്. അത്രയ്ക്ക് തെളിഞ്ഞ ജലം. എന്തായാലും ഒന്ന് കുളിച്ചിട്ടാവാം യാത്ര എന്ന് നാരദൻ തിരുമാനിച്ചു. തന്റെ വീണയായ മഹതിയും മാൻ തോലും മഹാവിഷ്ണുവിന്റെ സമീപത്ത് വച്ചിട്ട് നാരദൻ കുളത്തിലേക്കിറങ്ങി. അത്ഭുതമെന്ന് പറയട്ടെ, കുളത്തിലെ വെള്ളത്തിലേക്ക് മുങ്ങിയ നാരദൻ അതിസുന്ദരിയായ ഒരു കന്യകയായി മാറി. തന്റെ പൂർവ്വകാലം മുഴുവൻ മറന്നുപോയ നാരദൻ ചുറ്റുപാടും അത്ഭുതത്തോടെ നോക്കി. അടുത്തെങ്ങും ആരുമില്ല. കുളത്തിൽ നിന്നും കരയ്ക്കു കയറിയ നാരദൻ തടാകതീരത്തൂടെ നടക്കാൻ തുടങ്ങി. അപ്പോഴാണ് കാലധ്വജൻ എന്ന രാജാവ് നായാട്ട് കഴിഞ്ഞ് ക്ഷീണിച്ച് തന്റെ കുതിരപ്പുറത്ത് തടാകത്തിന്റെ തീരത്തേക്ക് വന്നത്. സുന്ദരിയായ സ്ത്രീയെ കണ്ട മാത്രയിൽ തന്നെ രാജാവ് അനുരാഗചിത്തനായി.

“സൗഭാഗ്യ സുന്ദരീ, എന്താണ് നിന്റെ പേര്?” രാജാവ് ചോദിച്ചു.

സ്ത്രീയായി മാറിയ നാരദന് തന്റെ പേരോ ഒന്നും തന്നെയും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. രാജാവ് അവൾക്ക് ‘സൗഭാഗ്യ സുന്ദരി‘ എന്ന പേരു നൽകി. അവളെയും കൂട്ടി രാജാവ് കൊട്ടാരത്തിലേക്ക് പോയി. സൗഭാഗ്യ സുന്ദരിയായി മാറിയ നാരദൻ അങ്ങനെ കാലധ്വജന്റെ പട്ടമഹിഷിയായി. സമ്പൽ സമൃദ്ധമായ രാജ്യവും നല്ലവനായ രാജാവും പരിവാരങ്ങളുമൊക്കെയായി സൗഭാഗ്യ സുന്ദരി സർവ്വസുഖങ്ങളും അനുഭവിച്ച് കഴിഞ്ഞുപോന്നു. കാലം കടന്നുപോയി. സൗഭാഗ്യ സുന്ദരിക്കും കാലധ്വജനും ഇരുപത് മക്കളുണ്ടായി. അവരുടെ മക്കളും വിവാഹിതരായി. ഒരുപാട് പേരക്കുട്ടികളും ഉണ്ടായി. അങ്ങനെ വലിയ ഒരു കുടുംബത്തിന്റെ  എല്ലാമായി അവർ രണ്ടുപേരും സസുഖം വാണു.

അങ്ങനെയിരിക്കെ ഒരു നാൾ ദൂരെ നാട്ടിൽ നിന്നും ഒരു രാജാവ് പടയുമായി രാജ്യം പിടിച്ചെടുക്കാനെത്തി. സൗഭാഗ്യസുന്ദരിയുടെ മക്കളും കൊച്ചുമക്കളുമെല്ലാം യുദ്ധത്തിനു പോയി. എന്നാൽ ശക്തരായ ശത്രു സൈന്യത്തിനെതിരെ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവരെയെല്ലാം വക വരുത്തിയ ശത്രുസൈന്യം രാജ്യം പിടിച്ചടക്കി. കാലധ്വജനും സൗഭാഗ്യസുന്ദരിയും പാലായനം ചെയ്തു. സ്വന്തം രാജ്യത്തു നിന്നും ഒളിച്ചോടിയ അവർ എത്തിയത് ഭീകരമായ യുദ്ധം കഴിഞ്ഞ പടക്കളത്തിലായിരുന്നു. തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും വെട്ടിമാറ്റപ്പെട്ട തലകളും അവയവങ്ങളും കൂടിക്കിടക്കുന്നതു കണ്ട് ആ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവൾ നെഞ്ചുപൊട്ടുമാറ് നിലവിളിച്ചു. മക്കളുടെ ശവശരീരങ്ങൾ കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന ആ വൃദ്ധമാതാപിതാക്കളുടെ അടുത്തേക്ക് അപ്പോൾ ഒരു ബ്രാഹ്മണൻ എത്തി. അദ്ദേഹം അവരെ സമാശ്വസിപ്പിച്ചു. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് മനസ്സിലാക്കണമെന്ന് അവരെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അല്പം ആശ്വാസം തോന്നിയ ആ വൃദ്ധദമ്പതികൾ തങ്ങളുടെ ദേഹത്തു പറ്റിയ ചോര കഴുകി കളയുവാനായി അടുത്തുള്ള തടാകത്തിന്റെ തീരത്തേക്ക് പോയി. തടാകത്തിൽ മുങ്ങിയ സൗഭാഗ്യ സുന്ദരി പൊങ്ങിയത് നാരദനായിട്ടാണ്. അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ നാരദൻ കണ്ടത് തന്റെ വീണയും ഉടയാടകളുമായി മരത്തിനു ചുവട്ടിൽ വിശ്രമിക്കുന്ന മഹാവിഷ്ണുവിനേയും തന്റെ സമീപത്ത് തടാകത്തിൽ നിൽക്കുന്ന കാലധ്വജനേയുമാണ്. സംഭവങ്ങളെല്ലാം വ്യക്തമായ നാരദൻ കാലധ്വജനെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. മഹാവിഷ്ണുവിന്റേയും നാരദന്റേയും അനുഗ്രഹത്തോടെ കാലധ്വജൻ വനത്തിൽ തപസ്സനുഷ്ടിക്കാൻ പോയി. താൻ അനുഭവിച്ച സുഖവും ദുഃഖവും വെറും തോന്നലായിരുന്നെന്ന് മനസ്സിലാക്കിയ നാരദൻ താന്റെ സംശയത്തിന്റെ ഉത്തരം കണ്ടെത്തി.
“ബ്രഹ്മം സത്യം, ജഗത് മിഥ്യ.”


No comments:

Post a Comment