Saturday 22 June 2013

ചുറ്റുമതിൽ

രണ്ടേക്കർ എഴുപത്തിയാറു സെന്റുള്ള വലിയ പുരയിടം. മണൽ പ്രദേശമായതിനാൽ സമതല ഭൂമി. പറമ്പിൽ തെങ്ങുകൾ മാത്രം. എന്നാൽ കായ്ഫലം നന്നേ കുറവ്. വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കാൻ പറമ്പിന്റെ മധ്യഭാഗത്ത് വലിയ വാട്ടർടാങ്ക്. ഹോസ് ഉപയോഗിച്ച് കൃത്യമായി എല്ലാ തെങ്ങുകളും നനയ്ക്കാൻ ജോലിക്കാർ. പുരയിടത്തിന്റെ ഒരു വശത്തായി വലിയ ഗേറ്റ്. ഗേറ്റു കഴിഞ്ഞ് കുറേ നടന്നാലേ വീടു കാണാൻ കഴിയൂ. വലിയ തറവാട്. ധാരാളം അംഗങ്ങളും ജോലിക്കാരും. കൃഷിക്ക് യോജിച്ച സംവിധാനങ്ങളുമായി എപ്പോഴും പ്രവർത്തനക്ഷമമായ അന്തരീക്ഷം. പതിനെട്ടു വർഷങ്ങൾക്കു മുൻപ് ഞാൻ അവസാനമായിക്കാണുമ്പോൾ മുല്ലക്കൽ തറവാട്ടിലെ സ്ഥിതി ഇതായിരുന്നു.

ഇന്ന്, വർഷങ്ങൾക്കു ശേഷം ഞാൻ യാദൃശ്ചികമായിട്ടാണ് ഇവിടെ വന്നത്. ദിക്ഭ്രംശം സംഭവിച്ചതു പോലെ ഒന്നും മനസ്സിലാകുന്നില്ല. മുൻപ് എന്റെ മനസ്സിലുണ്ടായിരുന്ന ആ സ്ഥലത്തിന്റെ സ്ഥിതി തന്നെ മാറിപ്പോയി. ആ വലിയ പറമ്പിൽ അഞ്ചോ ആറോ വലിയ വീടുകൾ. എല്ലാം മതിലുകൾ കെട്ടി വേർതിരിച്ചിരിക്കുന്നു. ഓരോ വീടും ഓരോ തുരുത്തുകൾ പോലെ തോന്നും കണ്ടാൽ. ഞാൻ വലിയ ഗേറ്റുകടന്ന് ഉള്ളിലേക്കു നടന്നു. ആ പഴയ തറവാട് അതുപോലെ തന്നെയുണ്ട്. അതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ആരെയും കാണാത്തതുകൊണ്ട് ഞാൻ തിരിച്ചു നടന്നു. വെളിയിൽ കണ്ട ആളോട് അന്വേഷിച്ചതിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി. കാലം ചെന്നപ്പോൾ ആ വലിയ കുടുംബത്തിൽ നിന്നും പലരും പോയി തനിക്കു ലഭിച്ച സ്ഥലത്തു വീടു വച്ചു. അവർ ചുറ്റുമതിലും കെട്ടി പ്രത്യേകമായി താമസിക്കുന്നു. ഇപ്പോൾ അവരവരുടെ വീടും മതിലിനകത്തുള്ള സ്ഥലവും മാത്രം നോക്കിനടക്കുന്നു.

ഞാൻ തിരിച്ചു യാത്രയായി. ശിഥിലമായ തറവാട്. എന്നാൽ തറവാടിന് കുഴപ്പമൊന്നുമില്ല. ഓരോരുത്തരും തന്റെ ചുറ്റുമതിലിനുള്ളിൽ സങ്കുചിതരായി ജീവിക്കുന്നു. വേദാന്തപരമായി നോക്കിയാൽ ഇത് സാധാരണമാണ്. നമ്മുടെ ഈ ശരീരത്തിലുള്ള ജീവൻ, തറവാടായ കാരണ ശരീരത്തിൽ നിന്നും ജീവാത്മാവ് എന്ന വ്യാജേന ചുറ്റുമതിൽ എന്ന ശരീരത്തിനുള്ളിൽ വസിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ പുതിയ വീട്ടിലും മതിലിനുമുള്ളിലാണ് വസിക്കുന്നതെങ്കിലും പഴയ തറവാട്ടു ഭൂമിയിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇതുതന്നെയാണ് ലോകത്തുള്ള സമസ്തജീവജാലങ്ങളുടേയും അവസ്ഥ.

നമ്മുടെ ജീവാത്മാവിന്റെ ബന്ധനമായ ഈ ചുറ്റുമതിൽ അഴിയണം. കാലം ചെല്ലുമ്പോൾ താനേ അത് ജീർണ്ണിച്ച് നശിക്കും. എന്നാൽ വീണ്ടും ഈ ജീവാത്മാവ് അതിനുചുറ്റും മറ്റൊരു ചുറ്റുമതിലാകുന്ന ശരീരം കെട്ടി അതിനുള്ളിൽ വസിക്കും. ഈ മതിൽ ഞാൻ എന്ന അഹംബുദ്ധി ഉദ്ധതഭാവത്തിൽ ദൃഢമായിരിക്കുകയും ചെയ്യും. ജീവന്റെ ഈ ബന്ധനാവസ്ഥ ഭേദിച്ച് തറവാടായ കാരണ ശരീരത്തിൽ എത്തിച്ചേരുകയാണ് എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം. എന്നാൽ ഈ മതിലിനുള്ളിൽ താൻ സുരക്ഷിതനാണെന്നും ഇതിനുള്ളിലിരുന്ന് ലൗകിക സുഖങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കാം എന്നും മിക്കവരും വ്യാമോഹിക്കുന്നു. ആത്മാവിന്റെ ഈ ബന്ധനാവസ്ഥ അറിഞ്ഞ ബുദ്ധിശാലികൾ‌, ഇത് പുനരാവർത്തിക്കാതിരിക്കാനുള്ള മാർഗ്ഗം കണ്ടെത്തുന്നു. അതത്രെ ഉൽകൃഷ്ടമായ ആത്മദർശനം.

സോമദാസ്

No comments:

Post a Comment