Wednesday, 5 February 2014

New Year Resolution

എയർപോർട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ വഴിയിൽ കണ്ട ഒരു നല്ല ഹോട്ടലിന്റെ അടുത്ത് വണ്ടി നിർത്തി. വിമാനത്തിന്റെ സമയമാറ്റം കാരണം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടിറങ്ങിയിരുന്ന പതിവു രീതി ഉപേക്ഷിക്കേണ്ടതായി വന്നു. കണ്ടാൽ നല്ല വൃത്തിയുള്ള ഹോട്ടൽ. ഞാൻ തിരിച്ചു പോകുന്നതിലുള്ള ദുഃഖം വീട്ടുകാരുടെ മുഖത്ത് തെളിഞ്ഞു കാണാം. എങ്കിലും ഭക്ഷണം വന്നപ്പോഴേക്കും എല്ലാവരും ഉഷാറായി. ഒരു പ്ലേറ്റ് കണവഫ്രൈ എനിക്കായി ഓർഡർ ചെയ്യപ്പെട്ടു. അത് മുമ്പിൽ വന്നപ്പോഴേക്കും എന്റെ വായിൽ വെള്ളമൂറി. നല്ല മണം. നല്ല സ്വാദ്. എത്ര തിന്നാലും മതിവരില്ല. ഞങ്ങൾ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ഇനി വരുമ്പോഴും ആ ഹോട്ടലിൽ തന്നെ കയറണം എന്ന് നിശ്ചയിച്ച് വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു.

ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുമ്പോഴും ആ ഭക്ഷണത്തിന്റെ സ്വാദ് നാക്കിൽ നിന്നും പോയിരുന്നില്ല. അവസാനം വിമാനമെത്തി. വിമാനയാത്ര ഒരിക്കലും എനിക്ക് സുഖമായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കയറാൻ വലിയ ഉന്മേഷമൊന്നും തോന്നിയില്ല.  എങ്കിലും ഒരുവിധം കയറി സീറ്റ് കണ്ടുപിടിച്ചിരുന്നു. പതിവ് അറിയിപ്പുകളും കലാപരിപാടികളും ഇപ്പോൾ മുഷിപ്പ് ഉണ്ടാക്കുന്നവയായിരിക്കുന്നു. ആദ്യമൊക്കെ വളരെ കൗതുകത്തോടെയായിരുന്നു ഞാൻ ഇവയെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ സ്ഥിരമായി യാത്രചെയ്യുന്നതുകൊണ്ട് എങ്ങനെയെങ്കിൽ ഈ നരകയാത്ര ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് പലപ്പോഴും ചിന്തിക്കാറ്. വിമാനം പറന്നുപൊങ്ങി ഏകദേശം ഒരു മണിക്കൂർ ആയിക്കാണും. ആകെപ്പാടെ ഒരു അസ്വസ്ഥത! ഞാൻ പതുക്കെ ടോയ്ലറ്റിലേക്ക് പോയി. അകത്ത് കയറിയതും ഛർദ്ദി തുടങ്ങി. രുചിവഴിക്ക് മുൻപ് കഴിച്ചതെല്ലാം പുറത്തേക്ക് പോയി. ഛർദ്ദി ഒന്ന് അടങ്ങിയപ്പോൾ ഞാൻ സീറ്റിൽ വന്നിരുന്നു. ഒരു 10 മിനിട്ട് കഴിഞ്ഞപ്പോഴേക്കും വീണ്ടും അസ്വസ്ഥതകൾ തുടങ്ങി. ഓടി ടോയ്ലറ്റിലെത്തിയപ്പോഴേക്കും വീണ്ടും ഛർദ്ദിച്ചു. കുടൽ പുറത്തുവരുമെന്ന് തോന്നി. അങ്ങനെ മൂന്നു നാല് പ്രാവശ്യം കഴിഞ്ഞപ്പോൾ ഇനി കുടലിലൊന്നും ബാക്കിയില്ലെന്ന അവസ്ഥയായി. തളർന്ന് അവശനായി ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഒരു പുഞ്ചിരിയോടെ എയർഹോസ്റ്റസ് എന്റെ നേരെ നീട്ടിയ ഭക്ഷണ പദാർത്ഥങ്ങൾ ഞാൻ ദൈന്യതയോടെ നിരസിച്ചു. ജലപാനം ചെയ്യാതെ ഞാൻ എന്റെ സീറ്റിൽ ചുരുണ്ടുകൂടി.

ഞാൻ ചിന്തിച്ചു. എന്ത് രുചിയോടെയാണ് ഞാൻ ആ ഭക്ഷണം കഴിച്ചത്. ഇപ്പോഴോ, അത് കഴിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നു. അത് കഴിക്കാതെ വന്നിരുന്നെങ്കിൽ എനിക്ക് വിശപ്പ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോൾ വിശപ്പും, ക്ഷീണവും, വേദനയും എന്നുവേണ്ട ഒരുപാട് അസ്വസ്ഥതകൾ. ഇതുപോലെതന്നെയാണ് ഈ ലൗകികസുഖങ്ങളെല്ലാമെന്ന് എനിക്ക് തോന്നി. യോഗവാസിഷ്ഠത്തിലെ വരികൾ എന്റെ മനസ്സിൽ ഓടിയെത്തി.
“സ്വസ്വരൂപമജാനന്വൈ
ജനോയം ദൈവവർജ്ജിതഃ
വിഷയേതു സുഖം വേത്തി
പശ്ചാത്പാകേവിഷാന്നവത്.”
(ഒരുവൻ വിശപ്പുകൊണ്ട് വിഷാന്നം തയ്യാറാക്കുന്നു, പിന്നീട് വിഷബാധ ഉണ്ടാകുന്ന സമയം ദുഃഖാർത്തനാവുന്നു. ഇതുപോലെയാണ് ഭോഗസുഖം അനുഭവിക്കുന്നവന്റെയും കഥ. വിഷയാനുഭവം തൽക്കാലസുഖം നൽകുന്നുവെങ്കിലും പിന്നീട് ഭയങ്കരമായ ദുഃഖത്തെയാണ് നൽകുന്നത്.)

പണം, പ്രശസ്തി തുടങ്ങി ഈ ഭൂമിയിലുള്ള സകല ഭൗതികസുഖങ്ങളും, ലഭിക്കുമ്പോൾ മധുരമായിരിക്കുകയും പിന്നീട് കയ്പായി മാറുകയും ചെയ്യുന്നവയാണ്. ദരിദ്രർ, പട്ടിണിയും മറ്റ് അനുബന്ധദുഃഖങ്ങളും അനുഭവിച്ച് സംസാരലോകത്തിൽ നിന്നും മടങ്ങുമ്പോൾ ധനികർ, എല്ലാമുണ്ടായിട്ടും രോഗങ്ങൾ മൂലം ഒന്നും കഴിക്കാനൊക്കാതെ പട്ടിണിയും രോഗപീഡയും കൊണ്ട് കഷ്ടപ്പെട്ട് ഇവിടം വിട്ടുപോകുന്നു. യക്ഷപ്രശ്നത്തിൽ യക്ഷൻ യുധിഷ്ഠിരനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;
“ഈ ലോകത്തിൽ ഏറ്റവും അത്ഭുതകരമായിരിക്കുന്നതെന്താണ്?”
“ചുറ്റും ദിവസവും അനേകം പേർ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഇവരൊന്നും ഇവിടെ നിന്നും ഒന്നും എടുക്കാതെയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നതെന്ന് കണ്ടുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവർ പലതരം ഭൗതികവസ്തുക്കൾ കുന്നുകൂട്ടാൻ പരക്കം പായുന്നത് തികച്ചും അത്ഭുതം തന്നെ” എന്നാണ് യുധിഷ്ഠിരൻ അതിനു നൽകിയ മറുപടി.

അന്ന് ആകാശത്തിലൂടെ പറക്കുമ്പോൾ ഞാൻ 2014-ലെ എന്റെ New Year Resolution തീരുമാനിച്ചു.
  • ഭൗതികവസ്തുക്കൾക്ക് വേണ്ടി ഇനി ഒരിക്കലും ഞാൻ പരക്കം പായില്ല. എന്റെ കർമ്മങ്ങളുടെ പ്രതിഫലമായി സ്വാഭാവികമായി ലഭിക്കുന്നവയെ മാത്രം യാതൊരു ഇച്ഛയും കൂടാതെ സ്വീകരിക്കും.
  • മാംസാഹാരം പരമാവധി ഒഴിവാക്കും.
  • ജീവിക്കുന്ന ഒരോ നിമിഷവും സംതൃപ്തിയോടെ ജീവിക്കും.

2 comments:

  1. good "രുചിവഴിക്ക് മുൻപ് കഴിച്ചതെല്ലാം പുറത്തേക്ക് പോയി." this words are so beautiful and up to the mark

    ReplyDelete